എടക്കര: പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി ഉൾവനത്തിലെ ആദിവാസി വിഭാഗങ്ങൾക്കായി രണ്ട് പാലങ്ങൾക്ക് ഭരണാനുമതി. വാണിയംപുഴയ്ക്ക് കുറുകേ തരിപ്പപൊട്ടിയിലും കുന്പളപ്പാറ കുറുന്പി പുഴയിലുമാണ് പാലങ്ങൾ നിർമിക്കുന്നതിന് ഭരണാനുമതിയായത്. പാലം നിർമാണത്തിന് 6.25 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. തരിപ്പപൊട്ടി, കുന്പളപ്പാറ ഉന്നതികളിലുള്ളവരുടെ യാത്രാദുരിതത്തിന് പരിഹാരമായാണ് പാലങ്ങൾക്ക് അനുമതി നൽകിയത്.
പാലങ്ങളുടെ നിർദിഷ്ട പ്രദേശങ്ങൾ ആര്യാടൻ ഷൗക്കത്ത് എംഎൽഎയും പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ വിനോദ്കുമാർ ചാലിൻ എന്നിവരടങ്ങുന്ന സംഘം ഇന്നലെ സന്ദർശിച്ചു.
തരിപ്പപൊട്ടിയിൽ 40 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലുമാണ് പാലം പണിയുക. കുന്പളപ്പാറയിൽ 10 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലുമാണ് പാലം. രണ്ട് പാലങ്ങൾക്കും 250 മീറ്റർ കോണ്ക്രീറ്റ് അപ്രോച്ച് റോഡുകളുമുണ്ടാകും. ഉടൻ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികൾ പൂർത്തീകരിക്കും.
പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, വൈസ്പ്രസിഡന്റ് കെ. ഷറഫുന്നീസ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദു കുന്നുമ്മൽ, എ.പി. സാദിഖലി, സിന്ധു അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി.ആർ. മാധവൻ, പഞ്ചായത്തംഗം കെ. റുബീന, രാജു തുരുത്തേൽ, സി.വി. മുജീബ്, ഉബൈദ് കാക്കീരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.ax